25 February, 2011

അസംഘടിത വിഭാഗങ്ങള്‍ക്ക് ഭൂമിയും തൊഴിലും ഉറപ്പാക്കണം-സി.കെ. ജാനു

മാധ്യമം 
24 ഫെബ്രുവരി 2011, 11 pm 

രാജപുരം: സംഘടിത വിഭാഗങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അസംഘടിത വിഭാഗങ്ങള്‍ക്ക് ഭൂമിയും വിദ്യയും തൊഴിലും ഉറപ്പുവരുത്തണമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന പ്രസിഡന്റ് സി.കെ. ജാനു ആവശ്യപ്പെട്ടു.

കേരള പട്ടികജാതി-വര്‍ഗ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആദിവാസി ദലിത് നീതിയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
ടാറ്റ, ഹാരിസണ്‍, പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ തുടങ്ങിയ സ്വകാര്യ-പൊതുമേഖലാ കുത്തകകള്‍ അനധികൃതമായി കൈവശം വെക്കുന്ന ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കണം. ഇവിടങ്ങളില്‍ തദ്ദേശവാസികളുടെ സഹായത്തോടെ കാര്‍ഷികാധിഷ്ഠിത വ്യവസായം ആരംഭിക്കണം. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ഇത് സഹായകമാകും.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന യു.ജി.സി ഉത്തരവ്  സംഘടിത വിഭാഗങ്ങളുടെ വിമര്‍ശം ഭയന്ന് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചതോടെ നിരവധി പാവങ്ങളുടെ തൊഴിലവസരം നിഷേധിക്കപ്പെട്ടു. പട്ടികവിഭാഗങ്ങള്‍ക്കെതിരായ ജപ്തിനടപടി നിര്‍ത്തിവെക്കണമെന്നും ജാനു പറഞ്ഞു. ജാഥാലീഡര്‍ കേരള പുലയര്‍ മഹാസഭ സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാറിന് സി.കെ. ജാനു പതാക കൈമാറി.

ഉദ്ഘാടന സമ്മേളനത്തില്‍ സമിതി കണ്‍വീനര്‍ കെ.ആര്‍. കേളപ്പന്‍ അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ചെയര്‍മാന്‍ അഡ്വ. കെ.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. എം. ഗീതാനന്ദന്‍, പി.കെ. രാജന്‍, ഇ.പി. കുമാരദാസ്, തെക്കന്‍ സുനില്‍കുമാര്‍, കെ.കെ. ജയന്തന്‍, പാല്‍വളപ്പില്‍ മോഹന്‍, എ. സനീഷ് കുമാര്‍, സി.സി. ബാബു, സി.എ. പുരുഷോത്തമന്‍, വൈക്കം വിനോദ്, എന്‍. ബിജു, അനില്‍കുമാര്‍, പി. നാരായണന്‍, കെ.കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
മാര്‍ച്ച് 14ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 10 ലക്ഷം പേരുടെ പ്രകടനത്തോടും സംഗമത്തോടും കൂടി നീതിയാത്ര സമാപിക്കും.  യാത്രയോടനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക കൂട്ടായ്മകള്‍, ഫെബ്രുവരി 24ന് കണ്ണൂര്‍ ആറളത്തും 25ന് സുല്‍ത്താന്‍ ബത്തേരിയിലും 26ന് അട്ടപ്പാടിയിലും ആദിവാസി സംഗമങ്ങള്‍ എന്നിവ നടക്കും

No comments:

Post a Comment