11 February, 2012

'പരിണയ'ത്തിലൂടെ പുതുജീവിതത്തിലേക്ക് 'നവ'ദമ്പതിമാര്‍

Mathrubhumi News:
കോട്ടയം:പണമില്ലാത്തതിന്റെ പേരില്‍ മംഗല്യഭാഗ്യം സ്വപ്നംകാണാന്‍പോലും കഴിയാതിരുന്നവര്‍ക്ക് കൊട്ടും കുരവയുമായി ഒരു നാടുമുഴുവന്‍ സാക്ഷിയായി 'പരിണയം'. ഒരേ മുഹൂര്‍ത്തത്തില്‍ ഒമ്പത് പേരെയും പുതുജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയപ്പോള്‍ കെ.പി.എം.എസ്. നടത്തിയ സമൂഹവിവാഹം നാടിനാകെ മാതൃകയായി. ഒപ്പം സ്ത്രീധനത്തിനും ആര്‍ഭാടവിവാഹങ്ങള്‍ക്കും എതിരെയുള്ള സമുദായത്തിന്റെ പ്രതിഷേധവുമായി അത്. 

കേരള പുലയര്‍ മഹാസഭയുടെ നേതൃത്വത്തില്‍ തിരുനക്കര മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വ്യാഴാഴ്ച 12.30ന് ഒമ്പത് വധൂവരന്മാര്‍ക്കായി കതിര്‍മണ്ഡപമൊരുങ്ങി. തിരുവനന്തപുരത്തുനിന്നുള്ള മഹേഷും അപര്‍ണ്ണയും, പ്രവീണും നിഖിലയും, കൊല്ലം സ്വദേശികളായ സാജുവും മഞ്ജുവും, രജനിയും അനില്‍കുമാറും, രാജേഷും ഷൈബയും, തൃശ്ശൂരില്‍നിന്നുള്ള സുബ്രനും മിനിയും, സതീഷും പ്രിയയും, ആലപ്പുഴ സ്വദേശികളായ ജയനാഥും സിനിമോളും, രാജനും ലിജാമോളും ആണ് സമൂഹവിവാഹത്തിലൂടെ പുതുജീവിതത്തിലേക്ക് കടന്നത്. 

അയ്യങ്കാളിയുടെ ശ്രീമൂലം പ്രജാസഭാപ്രവേശത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വധൂവരന്മാരുടെ വിവാഹവസ്ത്രങ്ങള്‍, താലിമാല, ഗൃഹോപകരണങ്ങള്‍ എന്നിവ കെ.പി.എം.എസ്. നല്‍കി. സാമ്പത്തികസുരക്ഷ ഉറപ്പുവരുത്തുന്നതിനായി 50,000 രൂപ വീതം ഓരോ ജോഡിക്കും സ്ഥിരനിക്ഷേപമായി നല്‍കും. 

സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് മുഖ്യാതിഥി ആയിരുന്നു. കെ.പി.എം.എസ്. നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് അദ്ദേഹം പറഞ്ഞു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത, മുണ്ടക്കയം ടൗണ്‍ ജുമാ മസ്ജിദ് ഇമാം ഇ.എ.ബഷീര്‍ ഫാറൂഖി, ശിവഗിരിമഠത്തിലെ സ്വാമി വിശാലാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ., നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍, കെ.പി.എം.എസ്. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പുന്നല ശ്രീകുമാര്‍ , സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍, ജനറല്‍സെക്രട്ടറി ബൈജു കലാശാല, ട്രഷറര്‍ ആര്‍. പ്രസന്നന്‍, എ.കെ.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment