09 November, 2012


സംവരണ കമ്മീഷനെ നിയോഗിക്കണം - ദളിത് പിന്നാക്ക മുന്നണി

തിരുവനന്തപുരം: പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിക്കൊണ്ട് വിദ്യാഭ്യാസ, ഉദ്യോഗ സംവരണം പുനര്‍നിര്‍ണയം ചെയ്യാന്‍ സംവരണ കമ്മീഷനെ നിയോഗിക്കണമെന്ന് കേരള ദളിത്പിന്നാക്ക മുന്നണി ആവശ്യപ്പെട്ടു. ഇതുള്‍പ്പെടെ പത്തിന ആവശ്യങ്ങളടങ്ങിയ അവകാശ പ്രഖ്യാപന രേഖ തയാറാക്കിയതായി മുന്നണി ഭാരവാഹികളായ പുന്നല ശ്രീകുമാര്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍, വി.ദിനകരന്‍, ബി.സുഭാഷ്‌ബോസ്, ഡോ.പാച്ചല്ലൂര്‍ അശോകന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ എല്ലാ ശുപാര്‍ശകളും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വ്യക്തിഗത ഭൂപരിധി കര്‍ക്കശമാക്കി രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കണം. എയിഡഡ് വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെ സര്‍ക്കാര്‍ സഹായം പറ്റുന്ന എല്ലാ മേഖലകളിലും സംവരണം നടപ്പാക്കണം. ദേവസ്വം ബോര്‍ഡില്‍ ശാന്തിക്കാരടക്കമുള്ള ജീവനക്കാരുടെ നിയമനത്തിന് പട്ടികജാതി-വര്‍ഗ ദുര്‍ബല പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കണം. ഇതിനായി റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കണം. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ദളിത്പിന്നാക്ക മുന്നണി അവകാശ പ്രഖ്യാപന കണ്‍വെന്‍ഷനാണ് പ്രഖ്യാപനരേഖ തയാറാക്കിയത്. ജനവരി 13 മുതല്‍ ദളിത്-പിന്നാക്ക സന്ദേശയാത്ര സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. കാസര്‍കോട്ട് നിന്നാരംഭിക്കുന്ന സന്ദേശയാത്ര എല്ലാ ജില്ലകളും സന്ദര്‍ശിച്ച് 31ന് നെയ്യാറ്റിന്‍കരയില്‍ സമാപിക്കും. തുടര്‍ന്ന് ഫിബ്രവരി രണ്ടിന് തിരുവനന്തപുരത്ത് ദളിത്-പിന്നാക്ക സംഗമം നടക്കും.