19 May, 2015

സമൂഹത്തെ ലഹരി വിമുക്തമാക്കാന്‍ പ്രയത്‌നിച്ച മഹാനായിരുന്നു അയ്യങ്കാളി-എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.

വടക്കുംതല:സമൂഹത്തെ ലഹരി വിമുക്തമാക്കാന്‍ പ്രയത്‌നിച്ച മഹാനായിരുന്നു അയ്യങ്കാളി എന്നും സാധുജന പരിപാലന സംഘത്തിന്റെ നിയമാവലിയില്‍ പട്ടിക വിഭാഗക്കാരെയും അവരുടെ സങ്കേതങ്ങളെയും ലഹരി വിമുക്തമാക്കാനായി മൂന്ന് കല്പനകള്‍ ഉള്‍പ്പെടുത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തത് ഇതിനുദാഹരണമാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. കെ.പി.എം.എസ്. കുറ്റിവട്ടം 2432-ാം ശാഖയുടെ നേതൃത്വത്തില്‍ 1928-ല്‍ അയ്യങ്കാളി വടക്കുംതല സന്ദര്‍ശിച്ചതിന്റെ 86-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചുള്ള സ്മൃതിസംഗമം പരിപാടിയുടെ ഭാഗമായി നടത്തിയ ലഹരി വിമുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്നേറ്റിക്കായലില്‍ നടക്കുന്ന ഇത്തവണത്തെ അയ്യങ്കാളി ട്രോഫി വള്ളംകളിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും എം.പി. അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അയ്യങ്കാളി ട്രോഫി വള്ളംകളിയുടെ പ്രഥമ ജനറല്‍ ക്യാപ്റ്റന്‍ വാത്സല്യം മോഹനന്‍, കോ-ഓര്‍ഡിനേറ്റര്‍ കൊണ്ടോടിയില്‍ മണികണ്ഠന്‍, ഗായകരായ സോമരാജന്‍, ശശി, ശ്യാം ശരത്, സൗപര്‍ണിക ശശി എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.രമേശന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഫൗണ്ടേഷന്‍ ഡയറക്ടര്‍ പ്രൊഫ. ശശിധരക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി യോഹന്നാന്‍ ആന്റണി, യൂണിയന്‍ സെക്രട്ടറി സതീശന്‍ പാലയ്ക്കല്‍, രവീന്ദ്രന്‍ പിള്ള പുത്തന്‍തോപ്പില്‍, കുമ്പളത്ത് രാജേന്ദ്രന്‍, കുറ്റിവട്ടം അബ്ദുള്‍ ജലീല്‍, കുറ്റിവട്ടം മുസ്ലിം ജമാ അത്ത് ഇമാം മുഹമ്മദ് നിയാസ് മൗലവി, കെ.സി.അനില്‍കുമാര്‍, എസ്.സുഭാഷ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എ.വി.കുഞ്ഞുമോന്‍ സ്വാഗതവും ജോ. കണ്‍വീനര്‍ സതി നന്ദിയും പറഞ്ഞു.

courtesy:Mathrubhumi daily.

No comments:

Post a Comment