25 October, 2015

വിപ്ലവസ്മരണയില്‍ പെണ്‍കരുത്തറിയിച്ച് കെ.പി.എം.എഫ്. ഘോഷയാത്ര

കൊല്ലം: പെരിനാട് വിപ്ലവത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിയും മഹിളകളുടെ ശക്തി വിളിച്ചോതിയും പതിനായിരങ്ങള്‍ പങ്കെടുത്ത സാംസ്‌കാരിക ഘോഷയാത്ര കൊല്ലത്തിന് ചരിത്രമായി.കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെ രജതജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നഗരത്തില്‍ ശനിയാഴ്ച വൈകിട്ട് നടന്ന ഘോഷയാത്ര, സ്ത്രീശക്തി മാത്രമല്ല പുലയര്‍ സമുദായത്തിന്റെ കരുത്തും കാട്ടിത്തരുകയായിരുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും എഴുതിത്തള്ളാനാവാത്ത സംഘടിത ശക്തിയാണ് തങ്ങളെന്ന് പ്രകടമാക്കിയും മുദ്രാവാക്യങ്ങളിലൂടെ ഓര്‍മ്മിപ്പിച്ചും നീങ്ങിയ ഘോഷയാത്ര, പീരങ്കിമൈതാനത്തെ അയ്യങ്കാളി പ്രതിമയ്ക്കടുത്ത് ഒരുക്കിയ സമ്മേളന വേദിയിലെത്താന്‍ മണിക്കൂറുകളെടുത്തു.
കസവുസാരിയും പച്ച ബ്ലൗസുമിട്ട വനിതകള്‍ പതാകയും മുത്തുക്കുടയുമേന്തി ഇരുനിരകളിലായി ചിട്ടയായി നീങ്ങിത്തുടങ്ങിയത് ആശ്രാമം മൈതാനത്തുനിന്നായിരുന്നു. രാവിലെ മുതല്‍ വനിതാ പ്രവര്‍ത്തകര്‍ ആശ്രാമം മൈതാനത്തേക്ക് എത്താന്‍ തുടങ്ങിയിരുന്നു.
മുന്‍നിരയില്‍ ബാനറിന് പിന്നിലായി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നേതാക്കള്‍ നീങ്ങി. തൊട്ടുപിന്നാലെ അണികളായ പതിനായിരങ്ങളും. ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയ അവര്‍ പതിവ് പ്രകടനക്കാരില്‍നിന്ന് വേറിട്ടുനിന്നു. സംസ്ഥാന പ്രസിഡന്റ് കെ.കെ.വിനോമ, ജനറല്‍ സെക്രട്ടറി സുനന്ദരാജന്‍, ട്രഷറര്‍ വിമല ടി.ശശി, അസിസ്റ്റന്റ് സെക്രട്ടറി സുലത തുടങ്ങിയവര്‍ നയിച്ചു.
ചിന്നക്കട മേല്‍പ്പാലം വഴി പ്രവര്‍ത്തകര്‍ പീരങ്കി മൈതാനത്ത് എത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. അവര്‍ണപക്ഷ സ്ത്രീ സമൂഹത്തിന്റെ മോചനത്തിനും ശാക്തീകരണത്തിനും പോരാട്ടങ്ങള്‍ക്കുമുള്ള കര്‍മ്മ പദ്ധതികളിലൂടെ നീങ്ങുന്ന പുലയര്‍ മഹിളാ ഫെഡറേഷന്‍, പെരിനാട് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്നതിന്റെകൂടി ഭാഗമായാണ് ഘോഷയാത്രയും സമ്മേളനവും നടത്തിയത്.

No comments:

Post a Comment