17 November, 2017

സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം - പുന്നല ശ്രീകുമാര്‍

കോട്ടയം - ഭരണഘടന ഉറപ്പുനല്‍കുന്ന സാമുദായിക സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍തിരിയണം എന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ദേവസ്വം ബോര്‍‍ഡ്.  റിക്രൂട്ട്മെന്‍റ് ബോര്‍ഡുമായി ബന്ധപ്പെട്ടുള്ള നിയമനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന സംവരണ മാനദണ്ഡത്തില്‍ പിന്നോക്ക - പട്ടിക വിഭാഗങ്ങള്‍ക്ക് നേരിയ വര്‍ദ്ധനവു വരുത്തിയെങ്കിലും , സംവരണത്തിന്‍റെ അന്തസത്തയും അടിത്തറയും ഇല്ലാതാക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ സാന്പത്തിക സംവരണ നിലപാട് ദുരൂഹവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതുമാണ്.

മുന്നോക്ക വിഭാഗങ്ങള്‍ കൈയ്യാളുന്ന ദേവസ്വം മേഖലയില്‍ സാമൂഹ്യ നീതി ഉറപ്പാക്കാന്‍ അഹിന്ദുക്കള്‍ക്കുള്ള 18 ശതമാനം സംവരണം പ്രാതിനിത്യമില്ലാത്ത പിന്നോക്ക പട്ടിക വിഭാഗങ്ങള്‍ക്ക് നല്‍കി മാതൃക കാട്ടേണ്ടുന്ന ഘട്ടത്തിലാണ് മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണ അടിസ്ഥാനത്തില്‍ വീണ്ടും അവസരങ്ങള്‍ നല്‍കി അസന്തുലിതാവസ്ഥ വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

ഒരു ജനവിഭാഗത്തെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നത് അവരുടെ സാന്പത്തികമായ പിന്നോക്കാവസ്ഥ കൊണ്ടായിരുന്നില്ല. അയിത്തത്തിന്‍രെ ദുരന്തഫലങ്ങള്‍ അനുഭവിച്ചിരുന്ന ജാതി വിഭാഗങ്ങള്‍ക്ക് അവസര സമത്വ വും രാഷ്ട്രീയ തുല്യതയും ഉറപ്പുവരുത്തുന്ന പരിരക്ഷയും പരിഹാരവുമാണ് സംവരണം. അത് ഇല്ലാതാക്കാനുള്ള ഏത് ശ്രമത്തെയും പ്രതിരോധിക്കുവാന്‍ സംഘടന തയ്യാറാകും.

സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളതും ഭരണഘടനാ ഭേദഗതിക്കായി കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉറപ്പുനല്‍കിയിട്ടുള്ളതുമായ സാന്പത്തിക സംവരണ നിലപാട് ഗവണ്‍മെന്റിന് നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമോണോ എന്നത് വ്യക്തമാക്കണം. രാഷ്ടീയ നേട്ടങ്ങള്‍ക്ക് വേണ്ടി പിന്നോക്ക വിഭാഗങ്ങളുടെ ഭരണഘടനാ പരിരക്ഷയെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ സമാന ചിന്താഗതിക്കാരുമായി യോജിച്ച് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും.

പത്രസമ്മേളനത്തില്‍ പുന്നല ശ്രീകുമാര്‍ (ജനറല്‍ സെക്രട്ടറി, കെ.പി.എം.എസ്), അഡ്വ.എ.സനീഷ് കുമാര്‍(വൈസ്.പ്രസിഡന്‍റ്, കെ.പി.എം.എസ്.), അജിത് കല്ലറ (ജില്ലാ പ്രസിഡന്‍റ്, കെ.പി.എം.എസ്) എന്നിവര്‍ പങ്കെടുത്തു.

വീഡിയോ

No comments:

Post a Comment