20 November, 2017

സംവരണ അട്ടിമറി നീക്കത്തിനെതിരെ മനുഷ്യാവകാശ ദിനത്തില്‍ സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും നടത്തും - പുന്നല ശ്രീകുമാര്‍


കോട്ടയം, 20 നവം.2017 - ഭരണഘടനാ വിരുദ്ധമായ സാന്പത്തിക സംവരണ നിലപാടിനെതിരെ ഡിസംബര്‍ 10  മനുഷ്യാവകാശ ദിനത്തില്‍ സംസ്ഥാന തലസ്ഥാനത്ത് ലക്ഷങ്ങള്‍ അണിനിരക്കുന്ന സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുമെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു . കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍(കെ.പി.എം.എഫ്) സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ ഹാളില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭത്തില്‍ സമാന ചിന്താഗതിക്കാരായ മുഴുവന്‍ പേരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവരണകാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് പിന്നോക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്.സാന്പത്തിക സംവരണ കാര്യത്തില്‍ ഇന്ദിരാ സാഗ്നി കേസിലും മണ്ഡല്‍ കമ്മീഷന്‍ പ്രശ്നത്തിലും സുപ്രീം കോടതിയുടെ വിധി പ്രസ്താവം നിലനില്‍ക്കെ സാന്പത്തിക സംവരണം അനിവാര്യം ആണെന്നും  ഭരണഘടനാ ഭേദഗതിയിലൂടെ അത് ഉറപ്പുവരുത്തുകയുമാണ് വേണ്ടതെന്നുമുള്ള മുഖ്യമന്ത്രിയുടെ ആവര്‍ത്തനം ഇത് വെളിപ്പെടുത്തുന്നു.

സര്‍ക്കാരിന്‍റെ ഭരണഘടന വിരുദ്ധമായ നിലപാടിനെതിരെ ഇതിനോടകം ഉണ്ടായിട്ടുള്ള എതിര്‍പ്പുകളെ അവഗണിച്ച് മുന്നോട്ട് പോകാനുള്ള ശ്രമത്തിന് വലിയ വില കൊടുക്കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിന് ലൈല ചന്ദ്രന്‍ (കെ.പി.എം.എഫ് സംസ്ഥാന പ്രസിഡന്‍റ്) അദ്ധ്യക്ഷതവഹിച്ചു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്‍റ് വി.ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. സുജാ സതീഷ്(കെ.പി.എം.എഫ് ജനറല്‍ സെക്രട്ടറി), പി.വി.ബാബു(സ്കാറ്റ്പിയ ജനറല്‍ സെക്രട്ടറി), എ.സനീഷ് കുമാര്‍ (കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്) ,സുഭാഷ് കല്ലട(കെ.പി.വൈ.എം.ജനറല്‍ സെക്രട്ടറി) ദേവരാജ് പാറശ്ശാല(പഞ്ചമി സ്റ്റേറ്റ് കോ-ഓ‍‍ഡിനേറ്റര്‍) എന്നിവര്‍ സംസാരിച്ചു. 



No comments:

Post a Comment